ടെഹ്റാൻ: ജോർദാനിൽ നടത്തിയ ആക്രമണത്തിൽ നിരവധി യുഎസ് യുദ്ധവിമാനങ്ങളും ഇന്ധന ടാങ്കർ വിമാനങ്ങളും നശിപ്പിച്ചതായി ഇറേനിയൻ വിപ്ലവഗാർഡ് അവകാശപ്പെട്ടു. മറ്റനവധി വിമാനങ്ങൾക്ക് കേടുപാടുകളുമുണ്ടായി.
വ്യാഴാഴ്ച രാത്രി യുഎസ് സേന ഇറാനിലെ പാലങ്ങളും റെയിൽവേ സ്റ്റേഷനും ആക്രമിച്ചിരുന്നു. ഇതിനു മറുപടിയായി ഇന്നലെയാണ് ജോർദാനിൽ ആക്രമണം നടത്തിയതെന്ന് വിപ്ലവഗാർഡ് പറഞ്ഞു.
അതേസമയം, ഇറാൻ തൊടുത്ത മൂന്നു മിസൈലുകൾ വെടിവച്ചിട്ടുവെന്നാണ് ജോർദാൻ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.
സിറിയയിൽ ആദ്യമായി ആക്രമണം
അമേരിക്കയ്ക്കു മറുപടിയായി സിറിയയിലും ആക്രമണം നടത്തിയതായി വിപ്ലവഗാർഡ് പറഞ്ഞു. ജോർദാൻ അതിർത്തിയോടു ചേർന്ന സിറിയയിലെ അൽ തൻഫിൽ സ്ഥിതി ചെയ്യുന്ന യുഎസ് സ്പെഷൽ ഓപ്പറേഷൻ കമാൻഡ് സെന്ററാണ് ആക്രമിച്ചത്. ഏതാനും ദിവസം മുന്പ് അമേരിക്കൻ ആക്രമണത്തിൽ ഇറേനിയൻ സൈനികർ കൊല്ലപ്പെട്ടതിനുള്ള തിരിച്ചടിയായിരുന്നിത്.
അൽ തൻഫിലെ സൈനികരെ മുഴുവൻ പിൻവലിച്ചതായി അമേരിക്ക ഫെബ്രുവരിയിൽ അറിയിച്ചതാണ്. സിറിയ ആക്രമിക്കപ്പെടാത്തിടത്തോളം പശ്ചിമേഷ്യ യുദ്ധത്തിൽ പങ്കുചേരില്ലെന്നാണ് അവിടുത്തെ പ്രസിഡന്റ് അഹമ്മദ് അൽ ഷാര അറിയിച്ചിരിക്കുന്നത്.
ഇറാക്കിൽ ആക്രമണം
വടക്കൻ ഇറാക്കിലെ കുർദ് പ്രദേശങ്ങളായ സുലൈമാനിയ, ഇർബിൽ എന്നിവിടങ്ങളിലുണ്ടായ ആക്രമണങ്ങളിൽ ഒന്പതു പേർ കൊല്ലപ്പെടുകയും മറ്റനവധിപ്പേർക്കു പരിക്കൽക്കുകയും ചെയ്തു. ഇറേനിയൻ കുർദ് വിമതരെ ലക്ഷ്യമിട്ട് ഇറാനാണ് ആക്രമണം നടത്തിയതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
ഒമാൻ, കുവൈത്ത്, ബഹ്റിൻ എന്നിവിടങ്ങളിലും ഇറേനിയൻ ആക്രമണമുണ്ടായി. ഒമാനിൽ അമേരിക്കയുടെ തീരനിരീക്ഷണ റഡാറുകളാണ് ആക്രമിച്ചതെന്ന് വിപ്ലവഗാർഡ് പറഞ്ഞു. വൈദ്യുതി ഉത്പാദന, ജലശുദ്ധീകരണ കേന്ദ്രങ്ങളിലാണ് ആക്രമണമുണ്ടായതെന്ന് കുവൈത്ത് അധികൃതർ അറിയിച്ചു.